Monday 12 December 2016

യാത്ര..

യാത്ര..

കുറെ ദിവസങ്ങളുടെ പ്ലാനിങ്ങിനു ശേഷമാണ് ഇടുക്കി യാത്രക്ക് ഓഫീസിൽ നിന്നുമുള്ള ടീം റെഡി ആയത്. ആനന്ദ് സർ, ഷെരീഫ് സർ, അനൂപ് സർ, അജികുമാർ സർ, വിജയൻ അണ്ണൻ, സുമേഷ് അണ്ണൻ, കൃഷ്ണകുമാർ പിന്നെ ഞാനും അടങ്ങുന്ന 8 അംഗ സംഘം ശനിയാഴ്ച രാവിലെ യാത്രക്ക് തയ്യാറായി. കൃത്യം 9.40 ന് യാത്ര സി ഡി എസിൽ നിന്നും ആരംഭിച്ചു. ആദ്യം പോത്തൻകോട് നിന്നും വിജയൻ അണ്ണനെ എടുത്തു നേരെ പന്തളത്തേക്ക്. അവിടെ അജികുമാർ സർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിൽ വണ്ടി നിർത്തി ആദ്യം നോക്കിയിട്ടു കണ്ടില്ല. എന്നാൽ കുറച്ചു കഴിഞ്ഞു ഒരു പാളത്തൊപ്പിയൊക്കെ വെച്ച് തനി നാടൻ സ്റ്റൈലിൽ യാത്രക്ക് തയ്യാറായി സർ വണ്ടിയുടെ മുന്നിലേക്ക് നടന്നു വന്നു. ആ പാള തൊപ്പി ഞങ്ങൾ ഓരോരുത്തരും തലയിൽ വെച്ച് കൗതുകത്തോടെ നോക്കി. അവിടെ നിന്നും നേരെ വാഗമണിലേക്കു. വളഞ്ഞും തിരിഞ്ഞുമൊക്കെയുള്ള വഴി കൃഷ്ണകുമാർ അനായാസേന ഓടിച്ചു കയറ്റിയപ്പോൾ പുറം കാഴ്ചകൾ കണ്ടും പാട്ടു പാടിയുമൊക്കെ ഞങ്ങൾ യാത്ര ആസ്വദിച്ച് കൊണ്ടേയിരുന്നു. മൊട്ടക്കുന്നുകളും മറ്റും ഞങ്ങൾ ഓടി കയറി. കുറെ ഫോട്ടോസും എല്ലാം എടുത്തു. നേരം വൈകുന്നത് കൊണ്ട് പെട്ടെന്ന് യാത്ര തുടരാമെന്നായി. അടുത്ത സ്ഥലം വിജയണ്ണന്റെ ഭാര്യയുടെ കുടുംബ വീട്ടിലേക്കായിരുന്നു. ആ സ്ഥലത്തിന്റെ പേര് ആനവിലാസം എന്നാണ്. വളരെ ഏറെ ദൂരം വണ്ടി ഓടിക്കൊണ്ടേയിരുന്നു. ചെങ്കര വഴി വണ്ടി ആനവിലാസത്തിലേക്കു പോയപ്പോൾ മനസിലായി ഞങ്ങൾ ശെരിക്കും കാടിന്റെ ഉൾ ഭാഗത്തേക്കാണ് പോകുന്നതെന്ന്. രാത്രി ഒരു 8 മണിയോടെ ഞങ്ങൾ ആ വീട്ടിലെത്തി. അവിടെ ഞങ്ങൾക്ക് വഴികാണിക്കാൻ വിജയണ്ണന്റെ അളിയൻ ബൈക്കിൽ മുന്നിൽ വന്നിരുന്നു. തൊട്ടടുത്തിരുന്ന കുടുംബ വീട്ടിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. വളരെ നല്ല വീടും അതിനു ചുറ്റുപാടും. ഞങ്ങൾക്കുള്ള കാപ്പി, ആഹാരം എന്നിവ വളരെ നേരത്തെ തയ്യാറായിരുന്നു. അതൊക്കെ കഴിച്ചു അങ്ങനെ വീടിനു ചുറ്റും കറങ്ങി നടന്നു. വളരെ നേരത്തെ പ്ലാൻ ചെയ്തിരുന്ന പോലെ ക്യാമ്പ് ഫയർ കൂട്ടണം എന്ന ആശയത്തിനോട് എല്ലാവര്ക്കും യോജിപ്പായിരുന്നു. ഉണങ്ങിയ വിറകുകൾ കൂട്ടി കുറച്ചു മണ്ണെണ്ണയൊഴിച്ചു കത്തിക്കാൻ അഭിജിത് എന്ന വിജയണ്ണന്റെ മരുമകൻ ഉത്സാഹത്തോടെ കൂടെ നിന്നു. 1950 മുതൽ കേട്ടിട്ടുള്ളതും കേൾക്കാത്തതുമായ എല്ലാ പാട്ടുകളും അവിടെ ഞങ്ങൾ പാടിക്കൊണ്ടേയിരുന്നു. ചെറിയ പ്ലാസ്റ്റിക് കസേരയിൽ താളം പിടിച്ചു അജികുമാർ സാറും, സുമേഷണ്ണനും കൂടെയുണ്ടായിരുന്നു. എല്ലാവരും എന്നോ കഴിഞ്ഞു പോയ ഒരു കോളേജ് യാത്രയുടെ നൊസ്റ്റാൾജിക് ഫീലിലായിരുന്നു. 11  മണിയോടെ ഉറങ്ങാൻ കിടക്കുമ്പോൾ തണുപ്പ് മെല്ലെ കൂടിത്തുടങ്ങിയിരുന്നു. ദൂരെ എവിടെയൊക്കെയോ കാറ്റ് വീശുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. രാവിലെ ഏകദേശം 5 മണിയോടെ ഉണർന്നു. എല്ലാവരും പതിയെ തണുപ്പിനെ മറന്നു കൊണ്ട് കാപ്പിയൊക്കെ കുടിച്ചു റെഡി ആയി. രാവിലെ നോക്കിയപ്പോൾ കണ്ടത് താമസിക്കുന്ന വീടിരിക്കുന്നത് ഒരു വലിയ ഏലക്കാടിന്റെ നടുവിലാണ്. അടുത്ത വീടിരിക്കുന്നത് എത്രയോ ദൂരെയാണ്. വിജയണ്ണൻ ഞങ്ങളെയും കൊണ്ട് ഒന്ന് നടക്കാനിറങ്ങി. ഏലം കൃഷിയും, മഴവെള്ള സംഭരണിയും, പല നിറത്തിലുള്ള പൂക്കളുമൊക്കെ കണ്ടു ഞങ്ങൾ നല്ല ദൂരം നടന്നു. അവസാനം ഏറെ മനോഹരമായ ഒരു കുന്നിന്റെ മുകളിലേക്ക് വിജയണ്ണൻ ഞങ്ങളെ കൊണ്ട് പോയി. മീശപ്പുലിമലയിൽ മാത്രമല്ല ഇങ്ങു ആനവിലാസത്തുള്ള ഈ കുന്നിലും മഞ്ഞു പെയ്യുമെന്ന സത്യം ഞങ്ങൾ നേരിട്ടു കണ്ടു. ഒരുതരം ഹിമാലയൻ എഫ്ഫക്റ്റ് പോലെ തോന്നി. പേരറിയാത്ത ആ കുന്നിനു ഞങ്ങൾ "വിജയൻ കുന്നു" എന്ന് പേരിട്ടു. വിശപ്പിന്റെ വിളി കൂടിയപ്പോൾ കുന്നിറങ്ങി നേരെ വീട്ടിലേക്കു. അവിടെ നല്ല ചൂട് ഇഡ്ഡലിയും ചമ്മന്തിയും ചായയും റെഡി ആയിരുന്നു. അതൊക്കെ കഴിച്ചു ആ നല്ല ആതിഥേയരോട് നന്ദിയും പറഞ്ഞു നേരെ വണ്ടി തിരിച്ചു. നേരെ മൂന്നാറിലേക്ക്. മഞ്ഞിന്റെ കുട പിടിച്ച മൂന്നാറിൽ മുൻപ് പോയിട്ടുണ്ടെങ്കിലും ഒരു പാട് മാറിയെന്നു തോന്നി. തേയിലക്കാടുകളും മലകളും കടന്നു കുറെ ദൂരത്തോളം. ഒരു വഴിയോരക്കടയിൽ നിന്നും ആഹാരവും കഴിച്ചു മാട്ടുപ്പെട്ടി ഡാം വരെ ആ യാത്ര നീണ്ടു. അതിനു ശേഷം നേരെ തിരിച്ചു വന്നു. ഓരോ വളവു തിരിച്ചിറങ്ങുമ്പോഴും മലകളിൽ മഞ്ഞു കൂടിക്കൊണ്ടേയിരുന്നു. തിരുവല്ല വഴി കൊട്ടാരക്കര വഴി നേരെ 1 മണിയോടെ സി ഡി എസിൽ തിരിച്ചെത്തി. ഓരോരുത്തരും ബാഗുകളുമെടുത്തു മുറികളിലേക്ക് പോയി.അവരുടെ മുഖങ്ങളിൽ ക്ഷീണത്തോടെയൊപ്പം കണ്ട ഒരു സന്തോഷം ഈ യാത്രയുടെ വിജയമായി തോന്നി.   ഓരോ യാത്രയുടെയും ഭംഗി കൂടുന്നത് അതിന്റെ അവസാനത്തോടെയാണ് എന്ന് തോന്നാറുണ്ട്. പിന്നിട്ട വഴികളിൽ കാലം നമുക്കായി കരുതി വെക്കുന്ന പ്രകൃതിയുടെ കുറെ മാന്ത്രികങ്ങൾ. അതിനു മുന്നിൽ കുറെ നേരം അന്തിച്ചു നിന്നു നോക്കി നാം ഓരോരുത്തരും വിട പറയുന്നു. അതാണ് ഓരോ യാത്രയും. ഈ യാത്രയുടെ അവസാനവും അതെ പോലെ ഓരോരുത്തരും സന്തോഷവാന്മാർ ആയിരുന്നു. ഒരു പിടി ഓര്മകളോടെ ഇനിയും പുതിയൊരു യാത്രക്കുള്ള തയ്യാറെടുപ്പിനായി കാത്തിരിക്കുന്നു. സായി 

Monday 18 May 2015

വരമ്പിലൂടെ..

ഈ വയൽ വരമ്പിലൂടെ ഞാൻ നടക്കുകയാണ്. ഏതൊക്കെയോ ആൾക്കാർ സ്വന്തം ഭൂസ്വത്തിന്റെ അതിരുകളാക്കി മാറ്റിയ ഈ വരമ്പുകളിലൂടെ  എന്റെ  ബാല്യം എത്രയോ കളിച്ചു തിമിർത്തു പോയിരിക്കുന്നു എന്ന് ഞാൻ ഓർത്തു. കാലത്തിന്റെ ചക്രതിരിവിൽ ഞാനും എന്റെ ബാല്യവും എവിടെയോ പോയിരിക്കുന്നു. വയലേലകളിൽ അപ്പൂപ്പന്റെ കയ്യും പിടിച്ചു നടന്നു, ചെറിയ തോട്ടിലെ മാനത്തുകണ്ണിയും വരാലനും ഒക്കെ തോർത്തിൽ പിടിച്ചു വീടിലെ ചെറിയ കുപ്പിക്കുള്ളിൽ ആക്കി ആ ലോകത്തോട്‌ ചേർന്ന കാലം. ഇന്നെനിക്കു എല്ലാം അന്യമായിരിക്കുന്നു. എനിക്കെന്നല്ല, എനിക്ക് ശേഷം വന്ന തലമുറക്കും അതെല്ലാം അന്യമാണ്. നെല്ലെന്തെന്നോ, പതിരെന്തെന്നോ, വയലും വരമ്പും എന്തെന്നോ തിരിച്ചറിയാത്ത ചോറും കറിയും മാത്രം അറിയാവുന്ന ആ കാലഘട്ടം വരുന്നു. അവര്ക്ക് മുന്നില് തെളിഞാടാൻ മാനത്തുകണ്ണിയില്ല, തോടില്ല, ഒന്നുമില്ല. കാലത്തിന്റെ അടയാളങ്ങൾ ഇങ്ങനെയെങ്കിലും ഞാനൊന്നു ഓർത്ത്‌ വെക്കുന്നു.

Sunday 5 April 2015

രാധയ്ക്കായി

രാധേ.. നീ അറിയുന്നുവോ, നിന്നെ കാണാതെ ഈ കണ്ണൻ എത്ര നോവുന്നുണ്ട് എന്ന്. ഹൃദയം നിറയെ പ്രണയവുമായി നീ എത്രയോ ദൂരെ കാർമേഘങ്ങളുടെ  ഇടയിൽ എവിടെയോ മറഞ്ഞിരിക്കുന്നു. എന്റെ രാധേ നീ അറിയുന്നുവോ നിന്നെ ഞാൻ എത്രയോ പ്രണയിക്കുന്നു. നിന്നെ കാണാൻ ഞാൻ എത്രയോ മനസുകൊണ്ട് ആഗ്രഹിക്കുന്നു. എന്റെ മനസിനെ ഈ തടവറയിൽ ഇവർ തടഞ്ഞു വെച്ചിരിക്കുന്നു. എനിക്ക് ചുറ്റും പുഷ്പങ്ങളും വിളക്കുകളും കൊണ്ടിവർ വിലങ്ങുകൾ തീർത്തിരിക്കുന്നു. ആഭരണങ്ങളും അലങ്കാരങ്ങളും കൊണ്ട് ഞാൻ ഇവിടെ ബന്ധനത്തിൽ അകപ്പെട്ടിരിക്കുന്നു. ഇനിയും എത്ര നാൾ ഇങ്ങനെ എന്ന് അറിയില്ല. പ്രിയ രാധേ എനിക്കായി നീ കാത്തിരിക്കുമെന്ന് അറിയാം. എന്റെ മനസാകുന്ന പ്രിയ രാധേ ഇനിയും ഏറെ നാൾ കാത്തിരിക്കാം. ഈ ജന്മത്തിന്റെ ഒടുവിൽ കാലം തീർക്കുന്ന വിണ്‍ പാതയുടെ അറ്റത്തു ജീവിതത്തിന്റെ അവസാനം നിനക്കായി ഞാൻ കാത്തിരിക്കാം. 

Thursday 12 March 2015

ഏകം

ഞാൻ ഏകനാണ്. എല്ലായിടത്തും ഏകനായ ഒരാൾ. ഓർമ്മകളുടെ ഏണിപ്പടികൾ ഇറങ്ങി നോക്കിയാൽ കാണാം എന്റെ പഴയ ജീവിത താളുകൾ. അവിടെങ്ങും ഒരാളും എന്നെ കാത്തിരുന്നില്ല. എന്താ അങ്ങനെ ? ഞാൻ ഓർത്തു നോക്കിയിട്ടുണ്ട്. ആരും കാത്തിരുന്നില്ല, ആരും ഓർത്തില്ല ആരും അവരുടെ ഒരു നിമിഷം പോലും എനിക്കു തന്നതുമില്ല. ഒരുപക്ഷെ എന്റെ എല്ലാ ഹൃദയമിടിപ്പുകൾ പോലും അവർക്ക് വേണ്ടിയായിരുന്നു. അവരാരും അവരുടെ ജീവിത പടവുകളിൽ എന്നെ കണ്ടില്ല, ഒരു ഓർമ്മ പോലും എനിക്കായി മാറ്റി വെച്ചില്ല. ഇങ്ങനെയോക്കെയാവാം ഞാൻ എകനായത്. ഇപ്പോൾ ഞാൻ ശീലിച്ചു തുടങ്ങിക്കഴിഞ്ഞു. എന്റെ ജീവിതം അതെത്ര ഏകാന്തമാണ് എന്ന് ഞാൻ അറിയുന്നു. അതിലേക്കു മനസ് അലിഞ്ഞു തുടങ്ങുന്നു....

Thursday 26 February 2015

കഥയാടുമ്പോൾ

കഥകളിയുടെ വേഷം വളരെ വിചിത്രമാണ്. അലങ്കാരങ്ങളും, മിനുക്കുകളും എല്ലാം ചേർന്ന ഒരു ഉത്സവം പോലെ ഒരു മുഖം. അവിടെ ആ രൂപം മാത്രം. രൂപം എന്ന് പറഞ്ഞു ചെറുതാക്കിയാൽ അത് തെറ്റാണു. കഥാപാത്രം ആണ്. കലിയായും കൃഷ്ണനായും നളനായും എല്ലാം വേഷം മാറുന്ന അദ്ഭുത മനുഷ്യൻ. ചമയങ്ങൽക്കും ചായങ്ങൾക്കും അയാളുടെ മുഖം മറയ്ക്കാൻ ആവും. എന്നാൽ അയാളുടെ മനസ് മറയ്ക്കാൻ ആവുമോ? നെഞ്ചിലെ കനലിൽ ഊതിയാറ്റിയ നോവ്‌ കിടന്നു നീറുമ്പോൾ അയാൾക്ക് ലാസ്യവും രൌദ്രവും ഒക്കെ എങ്ങനെ കാണിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും ഓരോ കളിക്കാരനും എത്രയോ വലിയ മനസുകൾ ആണെന്ന്. ഓരോ വേഷവും 2 ജീവന്റെ കഥകളിലൂടെ മാറി മറിഞ്ഞു പോവുകയാണ്. ഹൃദയം നീറുന്ന നേരത്തും കണ്ണിമ ചിമ്മാതെ ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കുന്ന ഒരു നടന്റെ ജീവിതം 

Monday 23 February 2015

നീലവരികൾ

എഴുതാത്ത താളുകളിനിയുമേറെ
അതിലെവിടെയോ ചലിക്കുന്ന
പേനതൻ മധുര നൊമ്പരം മാത്രം
വരയില്ല നേർത്ത പോറലുകളെവിടെയോ
വരണ്ട വേരിലെവിടെയോ നനഞ്ഞ
മഴത്തുള്ളിപോലൊരു നീലമഷിതുമ്പ് മാത്രം
ഇനിയുമേറെ എഴുതുവാനോർത്തു ഞാൻ
കരളിലെ കനലും കണ്ണീരുമൊപ്പം
ഇനിയും പടരട്ടെ കാലത്തിന്റെ വാക്കുകൾ
നേർത്ത നിഴലായി നിലാവായി കാലമൊരുപാട്