Wednesday 28 May 2014

വൃദ്ധസ്നേഹം

ഒരു സുപ്രഭാതത്തിൽ ഓടി ചെന്ന് ട്രെയിനിൽ കയറി നേരെ ഓഫീസിലേക്ക് പോവുകയായിരുന്നു. ഫാനിന്റെ അടിയിലുള്ള സീറ്റിൽ തന്നെ ഇരുന്നു. മറുവശത്തെ സീറ്റിൽ വൃദ്ധരായ ഭാര്യയും ഭർത്താവും. അവർ ഭയങ്കര സ്നേഹ പ്രകടനം. ആഹാരം എടുത്തു കൊടുക്കുന്നു. പാട്ട് പാടുന്നു. മടിയിൽ കിടത്തി ഉറക്കുന്നു. അങ്ങനെ എന്തോ പ്രശ്നം ഇല്ലേ എന്ന് തോന്നും വിധം ആകെ ഒരു വിമ്മിഷ്ടം. അവിടുന്ന് എണീറ്റ്‌ മാറിയാലോ എന്ന് വരെ തോന്നിപ്പോയി. ചെറുപ്പക്കാര് പോലും ഇപ്പൊ ഇങ്ങനെയൊന്നും. ഇടയ്ക്കെപ്പോഴോ ആ വൃദ്ധ ബാത്രൂമിലെക്ക് പോയി. ഇനി വൃദ്ധനോട് ചോതിച്ചിട്ടു തന്നെ കാര്യം. ഏയ്‌ ഉവ്വാ നിങ്ങൾ ഇതെന്താ കാണിക്കുന്നേ. വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അനിയാ.. ഞങ്ങൾ RCC യിൽ നിന്നാണ് വരുന്നത്. അവളെ കാണിക്കാൻ കൊണ്ടുപോയതാ. ഇനി കൂടിപ്പോയാൽ ഒരു രണ്ടു മാസം കൂടിയേ ഉള്ളു. അവൾക്കറിയില്ല അതു.അത്രയും നാൾ എങ്കിലും അവൾ സന്തോഷത്തോടെ ജീവിക്കണം. അതിനു വേണ്ടി എന്ത് കോപ്രായവും കാണിക്കും.

ഇത്രയും പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു.. അയാളുടെയും എന്റെയും..

അമ്മ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ.. ഈ വരികൾ പലപ്പോഴും ഹൃദയത്തിൽ മുഴങ്ങി കേൾക്കാരുണ്ട്... പണ്ടൊക്കെ പന്ത്രണ്ടു പെറ്റ അമ്മമാർ ഉള്ള നാടായിരുന്നു ഇത്. ഇപ്പൊ ഒന്ന് പെറ്റാൽ തന്നെ.. അല്ലെങ്കിൽ വേണ്ട എന്തിനതൊക്കെ പറഞ്ഞു നേരം കളയുന്നു. നമുക്കാ പന്ത്രണ്ടു പെറ്റ അമ്മയെ ഓർക്കാം. ഒരു പക്ഷെ ഈ അമ്മയാവും ഏറ്റവും കൂടുതൽ മനസ് വിഷമിച്ച അമ്മ. പന്ത്രണ്ടു പേരെയും ഉപേക്ഷിച്ചു ദേശാടനം നടത്തികൊണ്ടിരുന്ന ആ അമ്മയെ മക്കൾക്ക്‌ അറിയാമായിരുന്നോ.. അവർക്ക് ഈ അമ്മയോട് സ്നേഹമുണ്ടയിരുന്നോ? നാറാണത്ത്‌ ഭ്രാന്തൻ എന്ന കവിതയിൽ "അമ്മയെ" സ്മരിക്കുന്ന ഭാഗം ഉണ്ട്. അതു പോലെ എല്ലാ മക്കളും ഈ അമ്മയെ ഓർക്കാറുണ്ടോ.. പന്ത്രണ്ടു ദേശത്ത് പിറന്ന പന്ത്രണ്ടു ജാതിയിൽ വളർന്ന ഈ കൂട്ടം പതിമൂന്നു അമ്മമാരുടെ സ്നേഹം കാണിച്ചു തരുന്നു.. ഈ അമ്മമാരാവട്ടെ ഇനി വരും തലമുറയിലെ അമ്മമാർക്ക് വഴികാട്ടികൾ.. ഈ സ്നേഹത്തെപ്പറ്റി ഓർക്കട്ടെ വരും മാതൃമാനസങ്ങൾ..

മനസിന്റെ അദാലത്ത്..

ഡയറിയിലെ വാക്കുകൾ ഓരോന്നും അയാളെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എഴുതുന്നവയിൽ പലതും കള്ളമായിരുന്നില്ലേ.. അതിനെന്തിനു നീ ഞങ്ങളെ പെറുക്കി എഴുതിവെച്ചു എന്ന് പല വാക്കുകളും ചോതിച്ചു. മനസാക്ഷി ഒരു അദാലത്ത് വിളിച്ചു കൂട്ടി. ശേരിയോ തെറ്റോ എന്നറിയാനായി പലരും വന്നു. ഒരു ഭാഗത്ത്‌ അക്ഷരങ്ങൾ തങ്ങളുടെ ഭാഗത്ത്‌ പൂർണമായും ന്യായം ഉണ്ട് എന്ന് പറഞ്ഞു. അവരുടെ വക്കീലും മിടുക്കനായി വാദിച്ചു.. എല്ലാം കേട്ട് മനസാക്ഷി ജഡ്ജി ചോതിച്ചു.. ഏയ്‌ പയ്യൻ.. എന്താണിതൊക്കെ? കുറ്റം സമ്മതിച്ചോ? ഇതൊക്കെ തെറ്റല്ലേ??

തിരിച്ചു മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു.. ശെരിയാണ്.. മനസു തുറന്നെഴുതാൻ പേടിയാണിപ്പോൾ. കളിയാക്കാനും കുറ്റപ്പെടുത്താനും ആയിരം പേർ ചുറ്റുമുണ്ട്. അവർക്ക് വേണ്ടിയാണീ വാക്കുകൾ.. അവരെ സമാധാനിപ്പിക്കാൻ ഈ വാക്കുകൾ വേണ്ടി വരുന്നു.. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു ഇനി ഡയറി എഴുതില്ല എന്ന് വാക്കാലും വരയാലും പ്രതിജ്ഞയെടുത്ത് മനസാക്ഷി കോടതിയിൽ നിന്നും ഇറങ്ങി നേരെ സ്വപ്ന ലോകത്തിലേക്ക്‌.. പണം വേണ്ടാത്ത, ആരും കുറ്റപ്പെടുത്തില്ല എന്നുറപ്പുള്ള ആ ലോകത്തേക്ക് അവൻ നടന്നു പോയി...

ഇരുളെന്ന സത്യം..

ഇരുട്ടത്തിരുന്നു സംസാരിക്കുക... ഇരുട്ടത്തിരുന്നു സ്വപ്നം കാണുക... ഇരുട്ടത്തിരുന്നു പാട്ട് പാടുക..  അങ്ങനെ നമ്മുടെ പല സ്വകാര്യതകളും ഇരുട്ടിലാണ്. എന്നാലും നമ്മൾ ആ ഇരുട്ടിനെ പലപ്പോഴും ശപിക്കാറുണ്ട്. കറണ്ടു പോവുമ്പോഴും, ഇരുളിൽ ചെറിയ ഇടവഴികളിൽ തപ്പി തടയുമ്പോഴും എല്ലാം നമ്മൾ പ്രാകുന്നു. "നശിച്ച ഇരുട്ട് എന്ന്".
ഇരുട്ടും കാലത്തിന്റെ മനോഹരമായ ഒരു സൃഷ്ടിയാണ്. വിശ്രമത്തിന്റെ, പ്രണയത്തിന്റെ, സ്വപ്നം കാണലിന്റെ എന്തിനേറെ സൃഷ്ടികൾ പോലും പലപ്പോഴും ഇരുളിന്റെ മൂർധന്യത്തിൽ ആണ് സംഭവിക്കുന്നത്‌. ആ സൃഷ്ടി സമയത്തെ ആ പുണ്യ നിമിഷങ്ങളെ ആണ് നമ്മൾ കറുപ്പിന്റെ കരാള ഹസ്തം എന്ന് പറഞ്ഞു പുലമ്പുന്നത്.. സ്നേഹിക്കുക.. ഇരുളിനെ സ്നേഹിക്കുക.. പകലിനെ പോലെ ഇരുളിനെയും തലോലിക്കുക.. പകലിൽ പോലെ ഇരുളിലും ജീവിക്കുക...അതാണ്‌ സമത്വം...

Tuesday 27 May 2014

പണി തീരാത്ത വെബ്സൈറ്റ്



സ്വന്തമായി ഒരു വെബ്സൈറ്റ്.ഒരു സ്വപ്നം തന്നെ ആണ്. തന്റെ കൈയിൽ പണമുണ്ട്. ആവശ്യത്തിനും അധികവുമായി ഇന്റെർനെറ്റിലെ വീട് അഥവാ വെബ്സൈറ്റ് ശില്പ്പികളും ഉണ്ട്. ഒരുത്തനെ തേടി പിടിച്ചു. അവന്റെ ഊശാൻ താടിയും ടെക്നോപാർക്ക് മംഗ്ലീഷും ഒക്കെ ആയപ്പോൾ ബോധിച്ചു. അവനു തന്നെ പണി കൊടുക്കണം. ആവശ്യത്തിനു അനുസരിച്ച് അവൻ പണി തുടങ്ങി. പടങ്ങളും വരകളും എന്തിനേറെ എന്തൊക്കെയോ ശില്പി ചെയ്തു തുടങ്ങി. ഏകദേശ രൂപമായപ്പോൾ ഓരോരുത്തരെയായി വിളിച്ചു കാണിച്ചു. വളരെ നല്ലത് !!!!. ഒരേ അഭിപ്രായം. പക്ഷെ പോവാൻ നേരത്ത് ഓരോരുത്തരും ചെവിയിൽ ഓരോ ചെറിയ മാറ്റങ്ങൾ വന്നാൽ കൊള്ളാം എന്ന് പറഞ്ഞു.

ഉടനെ ശില്പിയെ വിളിച്ചു മാറ്റങ്ങൾ പറഞ്ഞു..ശില്പി ചിരിച്ചു കൊണ്ട് മാറ്റങ്ങൾ വരുത്തി..

വീണ്ടും അഭിപ്രായങ്ങൾ ആരാഞ്ഞു... വീണ്ടും അഭിനന്ദനം...
പോവാൻ നേരത്ത് പിന്നെയും രഹസ്യമായി ഓരോരുത്തരും കുറച്ചു കൂടി മാറ്റങ്ങൾ....

ശില്പിയെ വിളിച്ചു... മാറ്റം വേണം.... ശില്പിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

വീണ്ടും മാറ്റി. അഭിനന്ദനം... മാറ്റം.. ശില്പി... വീണ്ടും വീണ്ടും മാറ്റി.

വീട് (വെബ്സൈറ്റ്) പണിഞ്ഞു കൊണ്ടേയിരുന്നു....

ഒരുനാൾ വല്യ മാറ്റങ്ങൾ അയാളുടെ അഭിപ്രയ്മനുസരിച്ചു മാറ്റിയതിനു ശേഷം ശില്പി അയാളെ കാണാൻ ചെന്നു. മുറി അടഞ്ഞു കിടന്നിരുന്നു..മറ്റുള്ളവരോട് അന്വേഷിച്ചു.. സാറെവിടെ?
സാർ മരിച്ചു പോയി, 2 ആഴ്ച മുന്പായിരുന്നു. അറിഞ്ഞില്ലായിരുന്നോ? കുഞ്ഞു വന്നാൽ തരാൻ ഒരു എഴുത്ത് ഉണ്ടായിരുന്നു.

ശിൽപി കത്ത് വായിച്ചു..

ഇനിയും മാറ്റാൻ ഒരായിരം അഭിപ്രായങ്ങൾ....

കാലം അയാളെ  ഒരഭിപ്രായവും നോക്കാതെ മാറ്റിയിരുന്നു...

പാലം


ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഒരു പാലത്തിലൂടെ അങ്ങനെ നടക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. പക്ഷെ നമ്മൾ മനുഷ്യര് പലരും ഇതിലൂടെ നടക്കേണ്ടി വരും. ഒരു കാര്യവുമില്ലാതെ മനുഷ്യനെ പലപ്പോഴും വിധി ഈ പാലത്തിലൂടെ നടത്തും. വെറുതെ ഒരു രസത്തിനു. ഇങ്ങനെയും ഒരു പാലം ഉണ്ട് എന്ന് ഓർമിപ്പിക്കാൻ വേണ്ടി. ഈ നടത്തത്തിൽ ഒരു പ്രത്യേകത ഉണ്ട്. ഇവിടെ നമുക്ക് ആഗ്രഹങ്ങൾ ഇല്ല. വിചാരങ്ങൾ ഇല്ല. ആകെ നമ്മളും ഈ പാലവും മാത്രം. അറിയാതെ ചിലപ്പോള നമ്മൾ ഈ പാലത്തിനെ സ്നേഹിച്ചു പോവും. ചിലപ്പോൾ ജീവിതത്തിലേക്കോ, മരണത്തിലേക്കോ വീഴുന്നതിനു മുന്പ് നമ്മൾ ഈ പലതിനൊരു നന്ദിയും പറയും. ഈ പാലത്തിനെ നമുക്ക് ജീവിതം എന്ന് പറയാം. അതെ ജീവിതം ഒരു പാലം ആണ്. ജീവിക്കളും മരിക്കളും, ആശയും നിരാശയും, അങ്ങനെ ഒരുപാട് കാര്യങ്ങൾക്കിടയിലൂടെ ഒരു നൂൽ പാലത്തിലൂടെ ഒരു യാത്ര..

A MYSTIC TRAVEL....

ഇന്ന് ഞാൻ നാളെ...

ഒരു ജോലിയും കിട്ടാതെ അലഞ്ഞു നടക്കുക എന്നത് വളരെ ബൃഹത്തായ ഒരു നിഘണ്ടുവിൽ ഇല്ലാത്ത ഒരു വാക്ക് തിരഞ്ഞു നോക്കുന്നത് പോലെയാണ്. അർത്ഥവും ഇല്ല അളവുകളും ഇല്ല. അവൻ അങ്ങനെ നടക്കുമ്പോ ഒരു ലോക ഭിഷഗ്വരൻ എന്ന് സ്വയം അവകാശപെടുന്ന ഒരാൾ ജോലി ചെയ്യാനായി വിളിച്ചത്. അവൻ ഒരു തിങ്കളാഴ്ച മുതൽ ചെന്ന് ജോലി തുടങ്ങി. എന്താ ജോലി. സംഗതി ലോക വലയിലെതാണ്. അത് വഴി ഭിഷഗ്വരന്റെ പ്രശസ്തി കൂട്ടണം. അതിനു അവനു എന്ത് ചെയ്യാൻ കഴിയുമെന്നായി ചോദ്യം. കയിൽ കിട്ടിയ ജോലി കളയണ്ട എന്ന് തോന്നി വായിൽ വന്നതെന്തോക്കെയോ പറഞ്ഞു. ആർക്കും ഒന്നും മനസിലായില്ല. ഭിഷഗ്വരൻ ഒന്ന് ഞെട്ടി. എന്തൊക്കെയോ ഉണ്ട്. ശെരി ജോലി തുടങ്ങാൻ പറഞ്ഞു.ജോലി അവനു ഭ്രാന്തായിരുന്നു. ഭിഷഗ്വരൻ അവനു ദൈവമായി. അവൻ അങ്ങനെ ഇരുട്ട് വെളുക്കെ പ്രശസ്തി പരത്തി പരത്തി ഭിഷഗ്വരൻ പ്രശസ്തനായി. അറിയപ്പെടുന്നവനായി. അവൻ വളരെ സന്തോഷത്തോടെ ചെന്ന് ഭിഷഗ്വരനെ ചെന്ന് കണ്ടു.

സർ എന്റെ ജോലി സ്ഥിരപ്പെടുത്തുമോ?

ഭിഷഗ്വരൻ ഒരു ചെറിയ ദേഷ്യത്തോടെ പിറുപിറുത്തു. ഇനി അതിന്റെ ആവശ്യം ഇല്ല. നിന്നെക്കാളും പുതിയ അറിവുള്ള ഒരു പുതിയ "അവൻ' വന്നിട്ടുണ്ട്.

അവൻ വിഷമത്തോടെ അകത്തേക്ക് നോക്കിയപ്പോൾ പുതിയ "അവൻ" ആവേശത്തോടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്. വീണ്ടും വീണ്ടും പ്രശസ്തിയിലെക്കെത്തിക്കാൻ.

അവൻ മെല്ലെ തിരിഞ്ഞു നടന്നു. കൊഴിഞ്ഞ ഇലകൾ അവിടെയെങ്ങും ചിതറിക്കിടന്നു.

ഇന്ന് ഞാൻ നാളെ നീ....

സായിയുടെ വരികൾ - അഥവാ ചുമ്മാ എഴുത്ത്..

ഒരു ദിവസം ഉച്ചക്ക് അങ്ങനെ ഇരുന്നപ്പോൾ മലയാളത്തിൽ ഒരു ബ്ലോഗ്‌ വേണം എന്നൊരു തോന്നൽ. എന്താ അങ്ങനെ തോന്നിക്കൂടെ എന്ന് ഒരു ചോദ്യം ഇവിടെ വീണ്ടും ഉണ്ട്. അങ്ങനെ അങ്ങ് തുടങ്ങുവാ.. വായിച്ചു പറ്റിയാൽ കുറച്ചു അഭിപ്രായങ്ങൾ ഒക്കെ എഴുതൂ. എന്റെ പേര് സായി എന്നാണ്. തിരുവിതാംകൂറിലെ ചിറയിൻകീഴ്‌ എന്ന സാധാരണ ഗ്രാമത്തിലാണ് ജനനം. മലയാളത്തിനോട് അടങ്ങാത്ത സ്നേഹം ഉണ്ട്. വല്ലതുമൊക്കെ വായിക്കാറുണ്ട്. വല്ലതും എഴുതാറുണ്ട്. എനിക്ക് തോന്നുന്നതൊക്കെ ഇവിടെ എഴുതിയിടാം. വെറുതെ. ബ്ലോഗുകൾ മാറി മാറി വരുന്ന നാളത്തെ ആൾക്കാർക്ക്‌ ഒന്ന് കാണാൻ വേണ്ടി മാത്രം...

എന്ന് സ്വന്തം

സായി...