Thursday 26 February 2015

കഥയാടുമ്പോൾ



കഥകളിയുടെ വേഷം വളരെ വിചിത്രമാണ്. അലങ്കാരങ്ങളും, മിനുക്കുകളും എല്ലാം ചേർന്ന ഒരു ഉത്സവം പോലെ ഒരു മുഖം. അവിടെ ആ രൂപം മാത്രം. രൂപം എന്ന് പറഞ്ഞു ചെറുതാക്കിയാൽ അത് തെറ്റാണു. കഥാപാത്രം ആണ്. കലിയായും കൃഷ്ണനായും നളനായും എല്ലാം വേഷം മാറുന്ന അദ്ഭുത മനുഷ്യൻ. ചമയങ്ങൽക്കും ചായങ്ങൾക്കും അയാളുടെ മുഖം മറയ്ക്കാൻ ആവും. എന്നാൽ അയാളുടെ മനസ് മറയ്ക്കാൻ ആവുമോ? നെഞ്ചിലെ കനലിൽ ഊതിയാറ്റിയ നോവ്‌ കിടന്നു നീറുമ്പോൾ അയാൾക്ക് ലാസ്യവും രൌദ്രവും ഒക്കെ എങ്ങനെ കാണിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും ഓരോ കളിക്കാരനും എത്രയോ വലിയ മനസുകൾ ആണെന്ന്. ഓരോ വേഷവും 2 ജീവന്റെ കഥകളിലൂടെ മാറി മറിഞ്ഞു പോവുകയാണ്. ഹൃദയം നീറുന്ന നേരത്തും കണ്ണിമ ചിമ്മാതെ ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കുന്ന ഒരു നടന്റെ ജീവിതം 

Monday 23 February 2015

നീലവരികൾ

എഴുതാത്ത താളുകളിനിയുമേറെ
അതിലെവിടെയോ ചലിക്കുന്ന
പേനതൻ മധുര നൊമ്പരം മാത്രം
വരയില്ല നേർത്ത പോറലുകളെവിടെയോ
വരണ്ട വേരിലെവിടെയോ നനഞ്ഞ
മഴത്തുള്ളിപോലൊരു നീലമഷിതുമ്പ് മാത്രം
ഇനിയുമേറെ എഴുതുവാനോർത്തു ഞാൻ
കരളിലെ കനലും കണ്ണീരുമൊപ്പം
ഇനിയും പടരട്ടെ കാലത്തിന്റെ വാക്കുകൾ
നേർത്ത നിഴലായി നിലാവായി കാലമൊരുപാട്

Friday 13 February 2015

വാലന്റൈന്സ്

ഇന്ന് വാലന്റൈന്സ് ദിവസം ആണ്. യഥാർത്ഥ പ്രണയത്തിന്റെ വിരലോപ്പുകൾ പതിഞ്ഞ പുതിയൊരു ദിവസം കൂടി. എന്തായിരുന്നു പ്രണയം എന്ന് ഭൂതകാലത്തിലേക്ക്‌ ഒന്ന് പരതി നോക്കി. നല്ല അടയാളങ്ങൾ ഒന്നും തന്നെ ഇല്ല. ആരും പ്രണയിച്ചിട്ടില്ല. പ്രണയിക്കുന്നു എന്ന തോന്നലുണ്ടാക്കി ജീവിതത്തിലേക്ക് പോയ ആ കുട്ടിയേയും ഓർക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല. ആരോടും പരിഭവമില്ല. ജീവിതത്തിനെ ആഘോഷമായി മാറ്റാനോരുങ്ങിയ ഒരു മണ്ടന്റെ ജീവിതത്തിലേക്ക് ആരും എത്തി നോക്കാൻ തയ്യാറായില്ല എന്ന് വേണം പറയാൻ എന്ന് തോന്നി. അവിടെ ഇനി പ്രണയത്തിന്റെ ചിത്രങ്ങൾ വരുമെന്ന് തോന്നുന്നില്ല. വായിക്കുമ്പോൾ പച്ചയായ പഞ്ചാര ആയി തോന്നിയാലും ഉള്ളത് ഉള്ളത് പോലെ തന്നെ എഴുതണം എന്ന് തോന്നി. കാരണം ഞാൻ കണ്ട പ്രണയങ്ങളിൽ പലതും നന്മ നിറഞ്ഞതായിരുന്നു. കാലത്തിനും കനലിനെയും എല്ലാം മറികടന്നു അവ നിലനില്ലക്കുന്നതും കണ്ടു. അങ്ങനെയുള്ള ഹൃദയത്തിന്റെ യഥാർത്ഥ പ്രണയങ്ങൾക്കായി വാലന്റൈന്സ് ദിനാശംസകൾ 

Thursday 12 February 2015

റെയിൽവേസ്റ്റേഷൻ

റെയിൽവേസ്റ്റേഷൻ ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ എന്നും അവളെ തിരഞ്ഞിരുന്നു. മെലിഞ്ഞ ശരീരവും നല്ല പൊക്കവും ഒക്കെ ആയി ഏതോ മായിക ലോകത്ത് കണ്ണ്നട്ടു അവളങ്ങനെ പോകുമ്പോൾ അയാൾ വെറുതെ നോക്കി നിന്നിരുന്നു. എന്നെങ്കിലും ഒരിക്കൽ അവളോട്‌ സംസാരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. പക്ഷെ അതിനയാൾ ഭയപ്പെട്ടിരുന്നു എന്നും പറയാം. ഒരു ദിവസം അയാൾ രാവിലെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ നിന്നും അവൾ വരുന്നത് കണ്ടു. ഇന്ന് എന്തെങ്കിലും സംസാരിക്കണം എന്ന മട്ടിൽ അയാൾ നടന്നു. പെട്ടെന്ന് ഏതോ ഒരു യുവകോമളൻ അവളോട്‌ അങ്ങോട്ട്‌ ചെന്ന് എന്തോ പറയുന്നത് അയാൾ കണ്ടു. അവളും കൂട്ടുകാരിയും പേടിച്ചു ഒഴിഞ്ഞു മാറി പോവുന്നതും അയാൾ കണ്ടു. ആ പയ്യൻ അവളെ ശല്യപെടുത്തിയതായിരുന്നു. അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കാരണം ആ കാഴ്ച അയാളെ ഒരുപാട് വിഷമിപിച്ചു. മുഖം അത്രയും വിഷമിച്ചു അവളുടെ പോക്ക് അയാളെ ഒന്ന് കൂടി ചിന്തിപ്പിച്ചു. ആ പയ്യന്റെ മറ്റൊരു രൂപം തന്നെയല്ലേ താനും എന്ന ചിന്ത അയാളെ അലട്ടി. പിന്നെ അയാൾ അവളെ നോക്കാനായി നിന്നില്ല. അവളുടെ കാഴ്ചകളും ട്രെയിനും എല്ലാം മനസ്സിൽ നിന്ന് എങ്ങോട്ടോ മാഞ്ഞു പോയിരുന്നു. 

Saturday 7 February 2015

കാത്തിരുപ്പ്



ഞാൻ കാത്തിരിപ്പിലാണ്. എന്റെ പ്രണയത്തിനായി. എന്നോ എന്നെ തേടി വരുമെന്ന എന്റെ ദിവാസ്വപ്നങ്ങളിൽ ഒന്നായി ഞാൻ എന്നും സൂക്ഷിക്കുന്ന ആ പ്രണയം. കാത്തിരുപ്പ് ഒരിക്കലും അവസാനിക്കാതെ തുടരുന്നു. ഞാൻ കാണുന്ന പ്രണയങ്ങളിൽ. സ്നേഹങ്ങളിൽ , ഞാൻ കേട്ട പാട്ടുകളിൽ, വായിച്ച വരികളിൽ എല്ലാം എവിടെയൊക്കെയോ പ്രണയം നിറയുന്നുണ്ടായിരുന്നു. ഓരോ ദിവസവും വിരസമായും പ്രതീക്ഷകൾ നല്കിയും ഓർമകളിലൂടെ ഞാൻ എവിടെയോ എന്റെ പ്രണയത്തെ തിരയുന്നു. ഒരിക്കലും ഉത്തരം കിട്ടാതെ തുടരുന്ന എന്റെ ഈ ജീവിത യാത്രയിൽ എവിടെയോ ഏതോ ലോകത്ത് എങ്ങനെയോ എന്റെ പ്രണയവും എനിക്കായി കാത്തിരിക്കുന്നുണ്ടാവും....

Tuesday 3 February 2015

പരീക്ഷ


പരീക്ഷ നടക്കുന്നു. എല്ലാതവണയും പോലെ ഒരു ഒഴുക്ക് പാട്ട് പോലെ പരീക്ഷ. മനസും ശരീരവും എല്ലാം പരീക്ഷയുടെ തിരക്കിൽ എവിടെയോ പറന്നു നടക്കുന്നു. തിരക്കിന്റെയും സമയബന്ധിതമായ ഓട്ടത്തിന്റെയും ദിവസങ്ങൾ. മിനുട്ടിന് പൊന്നും വിലയിട്ടു സമയം ഓടി ഓടി പോകുന്നു. അവിടെ കഥയോ കാലമോ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് തോന്നി. ഈ തിരക്ക് കഴിഞ്ഞു ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഒന്ന് ഓർത്തു നോക്കി. ഈ പരീക്ഷ സമയത്ത് ഞാൻ മറന്നു വെച്ച അല്ലെങ്കിൽ മനപൂർവ്വം ഓർക്കാതിരുന്ന എന്റെ പുസ്തകങ്ങൾ, എന്റെ യാത്രകൾ, എന്റെ കൂട്ടുകാർ, എന്റേത് മാത്രമായ ചില വട്ടുകൾ അങ്ങനെ എല്ലാത്തിനെയും ഞാൻ വീണ്ടും ഓർക്കുന്നു. യാത്ര പോകണം. നീരോടിയിലേക്ക്, അഗസ്ത്യാർ കൂടത്തിലേക്ക് ഇനിയുമേറെ ദൂരം മനസിന്റെ കാലൊച്ച ചെന്ന് കയറാത്ത വഴിയമ്പലങ്ങളിൽ ഇനിയുമേറെ ഒരു കറുത്ത മാടപ്രാവിനെ പോലെ ചെന്ന് ചേക്കേറണം. മുനിഞ്ഞു കത്തുന്ന ഏതെങ്കിലും അമ്പലവിളക്കിന്റെ അരികത്തിരുന്നു ഒരിത്തിരി നേരം പ്രാർത്ഥിക്കണം. അത്താഴ പൂജയുടെ അവസാന മണിനാദം മുഴങ്ങും വരെയും അവിടെ ആ അമ്പലപ്പറമ്പിൽ വിശ്രമിക്കണം. ഇഷ്ടവും അനിഷ്ടവും എന്നീ വാക്കുകളുടെ എല്ലാ ഓളങ്ങളെയും മറന്നു ഇനിയുമേറെ യാത്രകളുടെ ചിത്രം വരക്കണം. ഭൌമദേശത്തിന്റെ കഥകൾക്കും കാലത്തിനുമപ്പുറം ഏറെ പോകണം. അങ്ങനെ ചില നേർത്ത സ്വപ്നങ്ങളുമായി ഒരു പരീക്ഷക്കാലം....

Sunday 1 February 2015

മരിയാൻ


മരിയാൻ സിനിമ കാണുന്നു.. ഇടയ്ക്കിടെ കണ്ണ് അറിയാതെ നിറയുന്നുണ്ട്. പിടിച്ചു നിരത്താൻ കഴിവത് ശ്രമിച്ചിട്ടും കണ്ണുനീർ അങ്ങനെ ഒഴുകി ഇറങ്ങുന്നു. പ്രണയവും കടലും സിരകളിലും ഹൃദയത്തിലും പടർന്നു കയറുന്നു. പ്രണയം ഒരു കണ്ണീരു പോലെ മനസിന്റെ വരണ്ട ഭൂമികളിൽ നിറഞ്ഞൊഴുകുന്നു. ഓരോ സീനും പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിറഞ്ഞ കയ്യൊപ്പുകൾ. കണ്ടു തീര്ന്നു ആദ്യം തോന്നിയത് ഏതെങ്കിലും ഒരു കടൽത്തീരത്ത്‌ പോകണം എന്നാണ്. മനസ് നിറഞ്ഞു കടൽ ഒന്ന് കാണണം. ഹൃദയം നിറയെ കടൽ മാത്രം....