Wednesday 31 December 2014

പുതുവത്സര ആശംസകൾ

ഈ പുതുവല്സരത്തിലും ഞാൻ ഒറ്റയ്ക്കാണ്. എനിക്ക് ആശംസകൾ പറയാനോ, എന്നോട് പറയാനോ ആരും ഇല്ല. ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്നു. ഈ വർഷം എങ്കിലും ആരെങ്കിലും ഒരാൾ  ഒരു ആശംസ പോലെ ജീവിതത്തിൽ വരുമെന്ന്. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് നല്ല പോലെ അറിയാം. എങ്കിലും മനുഷ്യനല്ലേ, എന്തെങ്കിലുമൊരു പ്രതീക്ഷ മനസ്സിൽ വേണമല്ലോ. പുതുവത്സരത്തിൽ ഓരോ ദൃഡനിശ്ചയം, തീരുമാനം എന്നൊക്കെ പറയുന്ന പോലെ ഞാനും ഒന്ന് എടുക്കുകയാണ്. ഇനി ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കില്ല. ആരെയും മോഹിപ്പിക്കില്ല, ആരെയും മോഹിക്കയുമില്ല. ഇതൊക്കെ ഒരിക്കലും നടക്കില്ലായിരിക്കാം എന്നാലും ഞാൻ എന്ന മണ്ടനെ ഇനിയും വിഷമിപ്പിച്ചാൽ ഒരു പക്ഷെ എല്ലാം അങ്ങോട്ട്‌ ശെരിയായി എന്ന് വരില്ല. അത് കൊണ്ട് ചില നല്ല തീരുമാനങ്ങളോടെ എല്ലാവര്ക്കും പുതുവത്സര ആശംസകൾ...

Wednesday 17 December 2014

ഭൂതകാലം

ചടുലമാം താളത്തിന്റെ വരകൾക്കുമപ്പുറം
നേർത്ത ചിതലിന്റെ ഈറൻ നോവുകൾക്കപ്പുറം
ഓർമ്മതൻ നിറഞ്ഞ തഴികകുടത്തിലെവിടെയോ
തുളുമ്പുന്നിതാ എന്റെ നിതാന്ത ഭൂതകാലം
ബാല്യവും കൌമാരവും യവനികയിലെവിടെയോ
പടരുന്നിതാ വർണ്ണ ചിത്രങ്ങൾ പോലെ
ഓർമ്മതൻ വാതയാനത്തിലെവിടെയോ
വരച്ചിട്ട മിഴിവാർന്നൊരീ കാലത്തെയോർത്തു
ഇന്നുമെൻ മനം തുടിക്കുന്നിതാ
ഓർമ്മകളിലെവിടെയോ തിരിഞ്ഞു നോക്കുന്നു ഞാൻ
ഇനിയുമേറെ എന്നൊർക്കുന്നിതാ എൻ മാനസം
മരിക്കാത്ത മറവികളിലെവിടെയോ പാർക്കുന്നു ഞാൻ എന്നും
ഇനിയും ഓർമ്മകൾ എന്നെയോർത്തെവിടെയോ പോകുന്നു
ഇനി വരും വസന്തതിനായി ഓർക്കുന്നില്ല ഞാൻ
വീണ്ടുമിതാ പോകുന്നു പുതിയ കാലസ്മൃതിയായി

Monday 15 December 2014

ഡിസംബർ



പ്രിയപ്പെട്ട ഡിസംബർ, എല്ലാ വർഷവും പോലെ ഇത്തവണയും നീ യാത്ര ചൊല്ലി പിരിയുമ്പോൾ എവിടെയോ ഉള്ളിൽ പിടയുന്നു. മുൻപേ പോലെ ഇന്നും ഞാൻ ഏകനാണ്. ഒറ്റയ്ക്ക്. നിന്റെ തണുത്ത കൈകൾ എന്നെ തലോടുമ്പോൾ ഉള്ളിൽ എവിടെയോ ഇന്നും മിടിക്കുന്ന പ്രണയത്തിന്റെ അടയാളങ്ങൾ ഉണ്ട്. എനിക്കറിയാം നീ എന്നെ ആശ്വസിപ്പിക്കുന്നു എന്ന്. എല്ലാ വർഷവും എന്നെ ഒറ്റയ്ക്ക് ആവാതെ നീ കൂടെ വന്നു. ഈ വർഷവും അത് പോലെ തന്നെ. കാലത്തിന്റെ മാറി മാറി പോവുന്ന മന്ത്രികത്തിൽ നിനക്ക് എന്നെക്കൂടി കൊണ്ട് പോകരുതോ? ചോദ്യങ്ങളും ഉത്തരങ്ങളും അഹവും ഒന്നുമില്ലാത്ത ആ ലോകത്തിലേക്ക്‌. ഇനിയും ഞാൻ ഒറ്റക്കാണ് എന്ന തോന്നൽ പലപ്പോഴും ഒരു നെടുവീർപ്പായി എന്നെ ശല്യപ്പെടുത്തുന്നു. ഇനിയുമെത്ര നാൾ എന്നറിയില്ല, എങ്കിലും ഈ എകതയിൽ എവിടെയോ ഞാൻ അറിയാതെ കണ്ണ്നീർ മറയ്ക്കുന്നു. ഈ തണുത്ത ഇരുളിൽ ഞാൻ എവിടെയോ സ്വയം മാഞ്ഞുപോകുന്ന പോലെ....

സായി

Sunday 14 September 2014

വർണ്ണ താളങ്ങൾ

ജീവന്റെ ചടുലമാം താളത്തിൽ
ഒരു നെടുവീർപ്പിന്റെ ഇടവേളയില്ലാതെ
പലവേഷമാടുന്ന കോലങ്ങൾ നമ്മൾ
ഇനിയുമൊരായിരം മൂടുപടങ്ങളിൽ
ഇനിയുമേറെ വർണവിഭ്രാന്തങ്ങളിൽ
കടും ചായകൂട്ടുകളിലെവിടെയോ
ചിതറി തെറിച്ചോരു മേഘബിന്ദുവിൽ
അലിഞ്ഞൊരായിരം കണികകളായി നാം
ഒഴുകുന്നു പുതിയ രംഗ ചിത്രങ്ങളായി 

Thursday 14 August 2014

ഏകാന്തത

ഒറ്റക്കിരിക്കുമ്പോൾ അയാൾ പലപ്പോഴും ആലോചിക്കാറുണ്ട്. എല്ലാവരും ഉണ്ടായിട്ടും അയാളെങ്ങനെ ഒറ്റക്കായി എന്ന്. അച്ഛന്റെയും അമ്മയുടെയും സ്വന്തക്കരെല്ലാരും വല്യ കുടുംബക്കാരാണ്. വളരെ ഏറെ ആളുകളും ബന്ധു ബലവും. എന്നിട്ടും അയാൾ ഒറ്റയ്ക്കായി. അയാളെ തേടി ആരും വന്നില്ല, ഒരാളും കരുണയോടു കൂടിയ ഒരു പുഞ്ചിരി പോലും കൊടുത്തില്ല. ഒരു പെണ്‍കുട്ടി പോലും അയാളെ സ്നേഹിച്ചില്ല. ജീവിതം മുഴുവൻ അയാൾ ഒറ്റയ്ക്കായിരുന്നു. ഇന്ന് വരെ ആരുമില്ല എങ്കിൽ നാളെയും ആരുമില്ല എന്ന് അയാൾക്ക്‌ തോന്നി തുടങ്ങിയിരുന്നു. ഒടുവിൽ അയാളെ തേടി ഒരു ആൾ വന്നു. വയസായി തുടങ്ങിയതിനാൽ കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടായിരുന്ന അയാൾ വന്ന ആളിനെ ശ്രദ്ധിച്ചു നോക്കി. എന്നിട്ട് പതിയെ ചിരിച്ചു.

വന്നയാൾ അയാളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു. നമുക്ക് പോകാമല്ലോ അല്ലലെ?

അയാൾ സന്തോഷത്തോടെ എണീറ്റ് വന്നയാളുടെ കൈ പിടിച്ചു ഇറയത്തെക്കിറങ്ങി. പോകാം എന്ന് പറഞ്ഞു..

രണ്ടു പേരും ആ ചെറിയ ഇട വഴിയിലൂടെ മെല്ലെ എങ്ങോട്ടോ നടന്നു നീങ്ങി. കാലത്തിന്റെ അങ്ങേ അറ്റത്തേക്കുള്ള ആരൊക്കെയോ അയാൾക്കായി കാത്തിരിക്കുകയായിരുന്നു. അവരുടെ അടുത്തേക്ക് അയാൾ സന്തോഷത്തോടെ നടന്നു പോയി...

Saturday 14 June 2014

അന്വേഷണം

ഓരോന്നിലും അയാൾ എന്തോ തേടുകയായിരുന്നു.

വലിയ എഞ്ചിനീയറിംഗ് ഡിഗ്രി തേടി കോളേജിൽ പഠിച്ചപ്പോൾ അയാൾ മതി മറന്നു ആ ആന്വേഷണം നടത്തി. എന്താണ് താനെന്നു. അയാൾക്കൊരിക്കലും ഉത്തരം കിട്ടിയില്ല. ആരും അയാൾക്കൊരുത്തരം നൽകിയില്ല. വെറുതെ വർഷങ്ങൾ പോയിക്കൊണ്ടിരിന്നു. പഠനത്തിൽ വലിയ മിടുക്കനല്ലായിരുന്നു. നല്ല ജോലിയും കിട്ടിയില്ല. എന്നിട്ടും അയാൾ വീണ്ടും ആ അന്വേഷണം തുടർന്നു. എന്താണ് താനെന്നും, ജീവിതം എന്നും. ഒരു ഫോട്ടോഗ്രാഫർ ആയി അയാൾ ആ സത്യത്തെ അന്വേഷിച്ചു. ദൂരങ്ങൾ സഞ്ചരിച്ചു. പ്രകൃതി രമണീയമായ കാഴ്ചകൾ പകർത്തി. കണ്ട കാഴ്ചകളിൽ നിന്നെല്ലാം ഒരുപാട് പാഠങ്ങൾ അയാൾ പഠിച്ചു. കഥകളിൽ മാത്രം കേട്ടിട്ടുള്ള നാടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിച്ചു. അപ്പോഴും അയാളെ ആ സത്യം വീണ്ടും അലട്ടിക്കൊണ്ടിരുന്നു. എന്താണ് തന്റെ ജീവിതം എന്ന്. ഉത്തരം കിട്ടാതെ അയാൾ ഗുരുക്കന്മാരെ തേടി. പല പുസ്തകങ്ങളും ഗുരുക്കളായി. പലതും പല ഉത്തരങ്ങൾ നല്കി. ഇതിനിടയിൽ കാലം ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. ഫോട്ടോഗ്രാഫിയും, വേദജ്ഞാനവും  എല്ലാം ഇതിനിടയിൽ അയാളെ പ്രശസ്തനാക്കിയിരുന്നു.

ഒരു ഗ്രാമത്തിൽ ഒരു സഞ്ചാരത്തിനിടയിൽ അയാൾ ഒരു നദീ തീരത്തിന്റെ അടുത്ത് ചെന്നിരുന്നു. അതിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ ഒരു കൊച്ചു കുട്ടി അയാളുടെ അടുത്ത് വന്നു. ആ ക്യാമറ നോക്കി അയാളോട് ചോതിച്ചു.

എന്റെ ഒരു പടം എടുക്കാമോ?

അയാള് ചിരിച്ചു കൊണ്ട് ആ കുട്ടിയുടെ പടം എടുത്തു. എന്നിട്ട് അതിലൂടെ ആ കുട്ടിയെ കാണിച്ചു. ആ കുട്ടിയുടെ മുഖത്ത് വളരെ സന്തോഷം അയാൾ കണ്ടു. ആ കുട്ടി ചിരിച്ചു കൊണ്ട് അതിന്റെ അമ്മയുടെ അടുത്തേക്ക് പോയി

മറ്റുള്ളവരുടെ സന്തോഷത്തിനാണ് ഓരോരുത്തരുടെയും ജീവിതം എന്ന് അയാൾക്ക്‌ തോന്നി. അന്ന് ആ നദീ തീരത്ത് വെച്ച് അയാൾ തേടിയ ചോദ്യത്തിന്റെ ഉത്തരം അയാൾക്ക്‌ കിട്ടിക്കഴിഞ്ഞിരുന്നു. ഒരു ചെറിയ സന്തോഷത്തിന്റെ രൂപത്തിൽ.....

ഹിമാലയം



മനസിലങ്ങനെ പലതവണ വീണ്ടും വീണ്ടും ഉയർന്നു വരുന്ന പേര്. വളരെ കാലമായി പോവാൻ ആഗ്രഹിക്കുന്നുണ്ട്. ഹിമാലയം എന്നാൽ ഒരു സ്ഥലം മാത്രമായി പറയാൻ കഴിയില്ല. ഒരുപാട് സ്ഥലങ്ങളുടെ ഒരു കൂട്ടം. ആത്മീയതയുടെ ഉയർന്ന തലങ്ങൾ ആണ് ഇവ എന്ന് പറയാതെ വയ്യ. DC ബുക്സ് പബ്ലിഷ് ചെയ്ത ഹിമാലയതിനെ പറ്റിയുള്ള ചില പുസ്തകങ്ങൾ ആ യാത്രക്കുള്ള നല്ല വിവരണങ്ങൾ തരുന്നുണ്ട്. എന്നായാലും പോകണം എന്ന് മനസ്സിൽ ഉണ്ട്. ഒരിക്കൽ പോയിവരുമ്പോ ഒരായിരം കാര്യം പറയാനുണ്ടാവും. ഇതൊക്കെ സ്വപ്നങ്ങൾ ആണ്. നടക്കണം എന്ന് പ്രാർത്ഥിക്കുന്നു....

Sunday 8 June 2014

മഴ

ഈ മഴയിങ്ങനെ തിമിർത്തു പെയ്യുന്നതും നോക്കി ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്. ഒരു കട്ടൻചായയും കുടിച്ചു ഒരിളം മൂളിപ്പാട്ടും പാടി തണുത്തു വിറച്ചിരിക്കുമ്പോൾ, പഴയ ഒടിഞ്ഞ കുടയുമായി ക്ലാസ്സിൽ പോകുന്നതും. മുട്ടോളം വെള്ളത്തിൽ ചെരിപ്പും കടലാസ് തോണികളും ഒഴുക്കി വിട്ടു അതിന്റെ പിറകെ ഓടുന്നതും, കൂട്ടുകാരോട് ചേർന്ന് വയലിലും പുഴയിലുമെല്ലാം മഴ പെയ്യുന്നത് ആസ്വദിച്ചു ഒടുവിൽ നനഞ്ഞു വന്നതിനു അമ്മയുടെ ശകാരവും കേട്ട് യഥാർത്ഥത്തിൽ ജീവിച്ച ആ ബാല്യം ഓർമ്മ വരും. ഓരോ മഴത്തുള്ളിയും കൂട്ടുകാരായിരുന്നു. പിന്നെ വളർന്നപ്പോൾ മുട്ടോളം വന്നിരുന്ന വെള്ളത്തിന്റെ പ്രളയം നിലച്ചിരുന്നു. പലപ്പോഴും വെള്ളത്തിന്‌ ഒഴുവാൻ വേണ്ട ഇടവഴികൾ ഇല്ലായിരുന്നു. പിന്നെയും കാലം പോയപ്പോൾ എപ്പോഴൊക്കെയോ മഴ ശല്യപ്പെടുത്തുന്ന ഒരു ആവർത്തനവും ആയി. എന്നാൽ പിന്നെ വീണ്ടും മഴ ഒരു കുളിരായി തോന്നി. ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും വാർധക്യത്തിലും എല്ലാം മഴ ഒരു ഓർമപെടുത്തൽ പോലെ വന്നു. ഇനി വരുന്ന ജീവനിലും ഒരിളം കുളിരായി അത് പെയ്തിറങ്ങും. നൊമ്പരകനലുകൾ അണച്ച് ഇനിയും ഈ കാലപ്രവാഹത്തിൽ ഓരോ മഴത്തുള്ളിയും നമ്മളെ ഓർമിപ്പിക്കും...

Thursday 5 June 2014

ജോലി



ഉറപ്പായിട്ടും ഞാനീ ജോലി നിനക്ക് വാങ്ങി തരുമെടാ മക്കളെ. മാനേജർ വീണ്ടും വീണ്ടും പറയുന്നു.

വിളിച്ചുകൊണ്ടു പോയ രാജുവണ്ണൻ ഉണ്ണിയുടെ മുഖത്ത് ധൈര്യത്തോടെ നോക്കി. ചെറുക്കന് ഒരു ജോലി വാങ്ങി കൊടുക്കാൻ തനിക്കു പറ്റിയല്ലോ എന്ന ചാരിതാർത്ഥ്യം രാജുവണ്ണന്റെ മുഖത്ത് പ്രതിഫലിച്ചു. ക്ലാർക്കിന്റെ ജോലി തന്നെ വാങ്ങി തരാം ഡാ.   മക്കളെ ഉണ്ണി നാളെ രാവിലെ 10 മണിക്ക് ഓഫീസിൽ വാ. ഞാൻ ശേരിയാക്കാം എന്ന മാനേജരുടെ ഉറപിച്ച വാക്കുകളിൽ വിശ്വസിച്ചു രാജുവണ്ണൻ ആൻഡ്‌ ഉണ്ണി ടീം വീടിലേക്ക്‌ പോയി.

അടുത്ത ദിവസം

ബാങ്കിൽ സമയം 10 മണി.

ഉണ്ണി മാനജേരുടെ ഓഫീസിൽ ചെല്ലുന്നു.

മാനേജർ തല ഉയർത്തി ഒരു ചോദ്യം- ആരാ?

സാറേ ഇന്നലെ വീട്ടിൽ വന്നിരുന്നു. ഉണ്ണി എന്നാണ് പേര്.

ഉണ്ണിയോ ഏതു ഉണ്ണി?

സാറേ, രാജുവണ്ണൻ പറഞ്ഞ....

ഓ ഇപ്പൊ മനസിലായി.

മോനെ, മക്കളെ ഡാ ക്ലാർക്കിന്റെ ജോലി ഇല്ല കേട്ടോ. പകരം മാർകെട്ടിംഗ് ജോലി ഉണ്ട്. മതിയോ. പക്ഷെ സ്വന്തമായി വണ്ടി വേണം, വള്ളം വേണം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോ ഉണ്ണി പതുക്കെ ഓഫീസിന്റെ താഴേക്കു പടി ഇറങ്ങി.

സ്വപനങ്ങൾ പലതും മാറി മറിയുന്ന പോലെ..........

ഒരു ഓളം മാത്രം... അതിലെവിടെയോ വാഗ്ദാനങ്ങൾ ഉറച്ചു കേൾക്കുന്നു..

ജോലി നിനക്ക് തന്നെ!!!!!!!!

Tuesday 3 June 2014

സന്ന്യാസം

എല്ലാവരും പറയും സന്ന്യാസം എന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം ആണ്. ശെരിയാണ് ഒളിച്ചോട്ടം തന്നെയാണ്. എന്നാൽ ഈ ചുറ്റും നിന്ന് കുറ്റം പറയുന്നവരാരും ഈ സന്ന്യാസിയെ വിളിച്ചൊരു നേരത്തെ ആഹാരം പോലും കൊടുക്കാത്തവരായിരിക്കും. സന്ന്യാസം എന്നതൊരു വികാരം ആണ്. പല രീതിയിൽ അത് വന്നു ചേരാം. ചിലപ്പോൾ ആരും ഇല്ലാതെ അനാഥത്വം എന്നതിന്റെ മൂർധന്യത്തിൽ ചിലർ സന്യാസം സ്വീകരിക്കും. ചിലർ കുടുംബത്തിലും ലൌകീക ജീവിതത്തിലും ആശ നശിക്കുമ്പോൾ സന്യാസിയാവും. ഓരോരുത്തർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവാം. മറ്റുള്ളവർ തമാശിക്കും ചിരിക്കും കൂകി വിളിക്കും. അവർക്കതേ സാധിക്കു. ഈ ലോകത്തിൽ നമുക്ക് ആരെയും പകരം വെക്കാൻ സാധിക്കില്ല. ഓരോരുത്തരും അവരവരുടെ കർമങ്ങളിൽ സന്യാസി തന്നെ ആണ്...

പ്രണയം

നിറയെ പ്രണയിക്കുക.. പലപ്പോഴും നമുക്കത് തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കരുത്. എന്നാലും പ്രണയിക്കുക. അറിഞ്ഞും അറിയാതെയും ഒക്കെ നമ്മൾ എല്ലാവരും ഓരോരുത്തരെ പ്രണയിക്കുന്നു. ചിലപ്പോൾ പഠിക്കുന്ന കുട്ടിയെ, ചിലപ്പോൾ ബസിലോ, ട്രെയിനിലോ കാണുന്ന ഒരാളെ, ചിലപ്പോൾ ഒരിക്കലും കാണുകയോ അറിയുകയോ ഇല്ലാത്ത ഏതെങ്കിലും ഒരാളെ. കാലം അങ്ങനെ നമ്മളെ പല പല പ്രണയങ്ങളിൽ കൊണ്ട് ചെന്നിടും. അതൊരു പരീക്ഷണം ആവാം. ആരെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുനത് എന്നറിയാനുള്ള ഒരു ടെസ്റ്റ്‌. എന്നാലും ഹൃദയം തുറന്നു പ്രണയിക്കുക. അവസാനം ഒരു പ്രണയം നിങ്ങളെ തേടി വരും. അത് നിങ്ങളെ എന്താണ് പ്രണയം എന്ന് പഠിപ്പിക്കും. ജീവിതം എന്തെന്നും...

Wednesday 28 May 2014

വൃദ്ധസ്നേഹം

ഒരു സുപ്രഭാതത്തിൽ ഓടി ചെന്ന് ട്രെയിനിൽ കയറി നേരെ ഓഫീസിലേക്ക് പോവുകയായിരുന്നു. ഫാനിന്റെ അടിയിലുള്ള സീറ്റിൽ തന്നെ ഇരുന്നു. മറുവശത്തെ സീറ്റിൽ വൃദ്ധരായ ഭാര്യയും ഭർത്താവും. അവർ ഭയങ്കര സ്നേഹ പ്രകടനം. ആഹാരം എടുത്തു കൊടുക്കുന്നു. പാട്ട് പാടുന്നു. മടിയിൽ കിടത്തി ഉറക്കുന്നു. അങ്ങനെ എന്തോ പ്രശ്നം ഇല്ലേ എന്ന് തോന്നും വിധം ആകെ ഒരു വിമ്മിഷ്ടം. അവിടുന്ന് എണീറ്റ്‌ മാറിയാലോ എന്ന് വരെ തോന്നിപ്പോയി. ചെറുപ്പക്കാര് പോലും ഇപ്പൊ ഇങ്ങനെയൊന്നും. ഇടയ്ക്കെപ്പോഴോ ആ വൃദ്ധ ബാത്രൂമിലെക്ക് പോയി. ഇനി വൃദ്ധനോട് ചോതിച്ചിട്ടു തന്നെ കാര്യം. ഏയ്‌ ഉവ്വാ നിങ്ങൾ ഇതെന്താ കാണിക്കുന്നേ. വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അനിയാ.. ഞങ്ങൾ RCC യിൽ നിന്നാണ് വരുന്നത്. അവളെ കാണിക്കാൻ കൊണ്ടുപോയതാ. ഇനി കൂടിപ്പോയാൽ ഒരു രണ്ടു മാസം കൂടിയേ ഉള്ളു. അവൾക്കറിയില്ല അതു.അത്രയും നാൾ എങ്കിലും അവൾ സന്തോഷത്തോടെ ജീവിക്കണം. അതിനു വേണ്ടി എന്ത് കോപ്രായവും കാണിക്കും.

ഇത്രയും പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു.. അയാളുടെയും എന്റെയും..

അമ്മ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ.. ഈ വരികൾ പലപ്പോഴും ഹൃദയത്തിൽ മുഴങ്ങി കേൾക്കാരുണ്ട്... പണ്ടൊക്കെ പന്ത്രണ്ടു പെറ്റ അമ്മമാർ ഉള്ള നാടായിരുന്നു ഇത്. ഇപ്പൊ ഒന്ന് പെറ്റാൽ തന്നെ.. അല്ലെങ്കിൽ വേണ്ട എന്തിനതൊക്കെ പറഞ്ഞു നേരം കളയുന്നു. നമുക്കാ പന്ത്രണ്ടു പെറ്റ അമ്മയെ ഓർക്കാം. ഒരു പക്ഷെ ഈ അമ്മയാവും ഏറ്റവും കൂടുതൽ മനസ് വിഷമിച്ച അമ്മ. പന്ത്രണ്ടു പേരെയും ഉപേക്ഷിച്ചു ദേശാടനം നടത്തികൊണ്ടിരുന്ന ആ അമ്മയെ മക്കൾക്ക്‌ അറിയാമായിരുന്നോ.. അവർക്ക് ഈ അമ്മയോട് സ്നേഹമുണ്ടയിരുന്നോ? നാറാണത്ത്‌ ഭ്രാന്തൻ എന്ന കവിതയിൽ "അമ്മയെ" സ്മരിക്കുന്ന ഭാഗം ഉണ്ട്. അതു പോലെ എല്ലാ മക്കളും ഈ അമ്മയെ ഓർക്കാറുണ്ടോ.. പന്ത്രണ്ടു ദേശത്ത് പിറന്ന പന്ത്രണ്ടു ജാതിയിൽ വളർന്ന ഈ കൂട്ടം പതിമൂന്നു അമ്മമാരുടെ സ്നേഹം കാണിച്ചു തരുന്നു.. ഈ അമ്മമാരാവട്ടെ ഇനി വരും തലമുറയിലെ അമ്മമാർക്ക് വഴികാട്ടികൾ.. ഈ സ്നേഹത്തെപ്പറ്റി ഓർക്കട്ടെ വരും മാതൃമാനസങ്ങൾ..

മനസിന്റെ അദാലത്ത്..

ഡയറിയിലെ വാക്കുകൾ ഓരോന്നും അയാളെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എഴുതുന്നവയിൽ പലതും കള്ളമായിരുന്നില്ലേ.. അതിനെന്തിനു നീ ഞങ്ങളെ പെറുക്കി എഴുതിവെച്ചു എന്ന് പല വാക്കുകളും ചോതിച്ചു. മനസാക്ഷി ഒരു അദാലത്ത് വിളിച്ചു കൂട്ടി. ശേരിയോ തെറ്റോ എന്നറിയാനായി പലരും വന്നു. ഒരു ഭാഗത്ത്‌ അക്ഷരങ്ങൾ തങ്ങളുടെ ഭാഗത്ത്‌ പൂർണമായും ന്യായം ഉണ്ട് എന്ന് പറഞ്ഞു. അവരുടെ വക്കീലും മിടുക്കനായി വാദിച്ചു.. എല്ലാം കേട്ട് മനസാക്ഷി ജഡ്ജി ചോതിച്ചു.. ഏയ്‌ പയ്യൻ.. എന്താണിതൊക്കെ? കുറ്റം സമ്മതിച്ചോ? ഇതൊക്കെ തെറ്റല്ലേ??

തിരിച്ചു മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു.. ശെരിയാണ്.. മനസു തുറന്നെഴുതാൻ പേടിയാണിപ്പോൾ. കളിയാക്കാനും കുറ്റപ്പെടുത്താനും ആയിരം പേർ ചുറ്റുമുണ്ട്. അവർക്ക് വേണ്ടിയാണീ വാക്കുകൾ.. അവരെ സമാധാനിപ്പിക്കാൻ ഈ വാക്കുകൾ വേണ്ടി വരുന്നു.. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു ഇനി ഡയറി എഴുതില്ല എന്ന് വാക്കാലും വരയാലും പ്രതിജ്ഞയെടുത്ത് മനസാക്ഷി കോടതിയിൽ നിന്നും ഇറങ്ങി നേരെ സ്വപ്ന ലോകത്തിലേക്ക്‌.. പണം വേണ്ടാത്ത, ആരും കുറ്റപ്പെടുത്തില്ല എന്നുറപ്പുള്ള ആ ലോകത്തേക്ക് അവൻ നടന്നു പോയി...

ഇരുളെന്ന സത്യം..

ഇരുട്ടത്തിരുന്നു സംസാരിക്കുക... ഇരുട്ടത്തിരുന്നു സ്വപ്നം കാണുക... ഇരുട്ടത്തിരുന്നു പാട്ട് പാടുക..  അങ്ങനെ നമ്മുടെ പല സ്വകാര്യതകളും ഇരുട്ടിലാണ്. എന്നാലും നമ്മൾ ആ ഇരുട്ടിനെ പലപ്പോഴും ശപിക്കാറുണ്ട്. കറണ്ടു പോവുമ്പോഴും, ഇരുളിൽ ചെറിയ ഇടവഴികളിൽ തപ്പി തടയുമ്പോഴും എല്ലാം നമ്മൾ പ്രാകുന്നു. "നശിച്ച ഇരുട്ട് എന്ന്".
ഇരുട്ടും കാലത്തിന്റെ മനോഹരമായ ഒരു സൃഷ്ടിയാണ്. വിശ്രമത്തിന്റെ, പ്രണയത്തിന്റെ, സ്വപ്നം കാണലിന്റെ എന്തിനേറെ സൃഷ്ടികൾ പോലും പലപ്പോഴും ഇരുളിന്റെ മൂർധന്യത്തിൽ ആണ് സംഭവിക്കുന്നത്‌. ആ സൃഷ്ടി സമയത്തെ ആ പുണ്യ നിമിഷങ്ങളെ ആണ് നമ്മൾ കറുപ്പിന്റെ കരാള ഹസ്തം എന്ന് പറഞ്ഞു പുലമ്പുന്നത്.. സ്നേഹിക്കുക.. ഇരുളിനെ സ്നേഹിക്കുക.. പകലിനെ പോലെ ഇരുളിനെയും തലോലിക്കുക.. പകലിൽ പോലെ ഇരുളിലും ജീവിക്കുക...അതാണ്‌ സമത്വം...

Tuesday 27 May 2014

പണി തീരാത്ത വെബ്സൈറ്റ്



സ്വന്തമായി ഒരു വെബ്സൈറ്റ്.ഒരു സ്വപ്നം തന്നെ ആണ്. തന്റെ കൈയിൽ പണമുണ്ട്. ആവശ്യത്തിനും അധികവുമായി ഇന്റെർനെറ്റിലെ വീട് അഥവാ വെബ്സൈറ്റ് ശില്പ്പികളും ഉണ്ട്. ഒരുത്തനെ തേടി പിടിച്ചു. അവന്റെ ഊശാൻ താടിയും ടെക്നോപാർക്ക് മംഗ്ലീഷും ഒക്കെ ആയപ്പോൾ ബോധിച്ചു. അവനു തന്നെ പണി കൊടുക്കണം. ആവശ്യത്തിനു അനുസരിച്ച് അവൻ പണി തുടങ്ങി. പടങ്ങളും വരകളും എന്തിനേറെ എന്തൊക്കെയോ ശില്പി ചെയ്തു തുടങ്ങി. ഏകദേശ രൂപമായപ്പോൾ ഓരോരുത്തരെയായി വിളിച്ചു കാണിച്ചു. വളരെ നല്ലത് !!!!. ഒരേ അഭിപ്രായം. പക്ഷെ പോവാൻ നേരത്ത് ഓരോരുത്തരും ചെവിയിൽ ഓരോ ചെറിയ മാറ്റങ്ങൾ വന്നാൽ കൊള്ളാം എന്ന് പറഞ്ഞു.

ഉടനെ ശില്പിയെ വിളിച്ചു മാറ്റങ്ങൾ പറഞ്ഞു..ശില്പി ചിരിച്ചു കൊണ്ട് മാറ്റങ്ങൾ വരുത്തി..

വീണ്ടും അഭിപ്രായങ്ങൾ ആരാഞ്ഞു... വീണ്ടും അഭിനന്ദനം...
പോവാൻ നേരത്ത് പിന്നെയും രഹസ്യമായി ഓരോരുത്തരും കുറച്ചു കൂടി മാറ്റങ്ങൾ....

ശില്പിയെ വിളിച്ചു... മാറ്റം വേണം.... ശില്പിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

വീണ്ടും മാറ്റി. അഭിനന്ദനം... മാറ്റം.. ശില്പി... വീണ്ടും വീണ്ടും മാറ്റി.

വീട് (വെബ്സൈറ്റ്) പണിഞ്ഞു കൊണ്ടേയിരുന്നു....

ഒരുനാൾ വല്യ മാറ്റങ്ങൾ അയാളുടെ അഭിപ്രയ്മനുസരിച്ചു മാറ്റിയതിനു ശേഷം ശില്പി അയാളെ കാണാൻ ചെന്നു. മുറി അടഞ്ഞു കിടന്നിരുന്നു..മറ്റുള്ളവരോട് അന്വേഷിച്ചു.. സാറെവിടെ?
സാർ മരിച്ചു പോയി, 2 ആഴ്ച മുന്പായിരുന്നു. അറിഞ്ഞില്ലായിരുന്നോ? കുഞ്ഞു വന്നാൽ തരാൻ ഒരു എഴുത്ത് ഉണ്ടായിരുന്നു.

ശിൽപി കത്ത് വായിച്ചു..

ഇനിയും മാറ്റാൻ ഒരായിരം അഭിപ്രായങ്ങൾ....

കാലം അയാളെ  ഒരഭിപ്രായവും നോക്കാതെ മാറ്റിയിരുന്നു...

പാലം


ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഒരു പാലത്തിലൂടെ അങ്ങനെ നടക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. പക്ഷെ നമ്മൾ മനുഷ്യര് പലരും ഇതിലൂടെ നടക്കേണ്ടി വരും. ഒരു കാര്യവുമില്ലാതെ മനുഷ്യനെ പലപ്പോഴും വിധി ഈ പാലത്തിലൂടെ നടത്തും. വെറുതെ ഒരു രസത്തിനു. ഇങ്ങനെയും ഒരു പാലം ഉണ്ട് എന്ന് ഓർമിപ്പിക്കാൻ വേണ്ടി. ഈ നടത്തത്തിൽ ഒരു പ്രത്യേകത ഉണ്ട്. ഇവിടെ നമുക്ക് ആഗ്രഹങ്ങൾ ഇല്ല. വിചാരങ്ങൾ ഇല്ല. ആകെ നമ്മളും ഈ പാലവും മാത്രം. അറിയാതെ ചിലപ്പോള നമ്മൾ ഈ പാലത്തിനെ സ്നേഹിച്ചു പോവും. ചിലപ്പോൾ ജീവിതത്തിലേക്കോ, മരണത്തിലേക്കോ വീഴുന്നതിനു മുന്പ് നമ്മൾ ഈ പലതിനൊരു നന്ദിയും പറയും. ഈ പാലത്തിനെ നമുക്ക് ജീവിതം എന്ന് പറയാം. അതെ ജീവിതം ഒരു പാലം ആണ്. ജീവിക്കളും മരിക്കളും, ആശയും നിരാശയും, അങ്ങനെ ഒരുപാട് കാര്യങ്ങൾക്കിടയിലൂടെ ഒരു നൂൽ പാലത്തിലൂടെ ഒരു യാത്ര..

A MYSTIC TRAVEL....

ഇന്ന് ഞാൻ നാളെ...

ഒരു ജോലിയും കിട്ടാതെ അലഞ്ഞു നടക്കുക എന്നത് വളരെ ബൃഹത്തായ ഒരു നിഘണ്ടുവിൽ ഇല്ലാത്ത ഒരു വാക്ക് തിരഞ്ഞു നോക്കുന്നത് പോലെയാണ്. അർത്ഥവും ഇല്ല അളവുകളും ഇല്ല. അവൻ അങ്ങനെ നടക്കുമ്പോ ഒരു ലോക ഭിഷഗ്വരൻ എന്ന് സ്വയം അവകാശപെടുന്ന ഒരാൾ ജോലി ചെയ്യാനായി വിളിച്ചത്. അവൻ ഒരു തിങ്കളാഴ്ച മുതൽ ചെന്ന് ജോലി തുടങ്ങി. എന്താ ജോലി. സംഗതി ലോക വലയിലെതാണ്. അത് വഴി ഭിഷഗ്വരന്റെ പ്രശസ്തി കൂട്ടണം. അതിനു അവനു എന്ത് ചെയ്യാൻ കഴിയുമെന്നായി ചോദ്യം. കയിൽ കിട്ടിയ ജോലി കളയണ്ട എന്ന് തോന്നി വായിൽ വന്നതെന്തോക്കെയോ പറഞ്ഞു. ആർക്കും ഒന്നും മനസിലായില്ല. ഭിഷഗ്വരൻ ഒന്ന് ഞെട്ടി. എന്തൊക്കെയോ ഉണ്ട്. ശെരി ജോലി തുടങ്ങാൻ പറഞ്ഞു.ജോലി അവനു ഭ്രാന്തായിരുന്നു. ഭിഷഗ്വരൻ അവനു ദൈവമായി. അവൻ അങ്ങനെ ഇരുട്ട് വെളുക്കെ പ്രശസ്തി പരത്തി പരത്തി ഭിഷഗ്വരൻ പ്രശസ്തനായി. അറിയപ്പെടുന്നവനായി. അവൻ വളരെ സന്തോഷത്തോടെ ചെന്ന് ഭിഷഗ്വരനെ ചെന്ന് കണ്ടു.

സർ എന്റെ ജോലി സ്ഥിരപ്പെടുത്തുമോ?

ഭിഷഗ്വരൻ ഒരു ചെറിയ ദേഷ്യത്തോടെ പിറുപിറുത്തു. ഇനി അതിന്റെ ആവശ്യം ഇല്ല. നിന്നെക്കാളും പുതിയ അറിവുള്ള ഒരു പുതിയ "അവൻ' വന്നിട്ടുണ്ട്.

അവൻ വിഷമത്തോടെ അകത്തേക്ക് നോക്കിയപ്പോൾ പുതിയ "അവൻ" ആവേശത്തോടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്. വീണ്ടും വീണ്ടും പ്രശസ്തിയിലെക്കെത്തിക്കാൻ.

അവൻ മെല്ലെ തിരിഞ്ഞു നടന്നു. കൊഴിഞ്ഞ ഇലകൾ അവിടെയെങ്ങും ചിതറിക്കിടന്നു.

ഇന്ന് ഞാൻ നാളെ നീ....

സായിയുടെ വരികൾ - അഥവാ ചുമ്മാ എഴുത്ത്..

ഒരു ദിവസം ഉച്ചക്ക് അങ്ങനെ ഇരുന്നപ്പോൾ മലയാളത്തിൽ ഒരു ബ്ലോഗ്‌ വേണം എന്നൊരു തോന്നൽ. എന്താ അങ്ങനെ തോന്നിക്കൂടെ എന്ന് ഒരു ചോദ്യം ഇവിടെ വീണ്ടും ഉണ്ട്. അങ്ങനെ അങ്ങ് തുടങ്ങുവാ.. വായിച്ചു പറ്റിയാൽ കുറച്ചു അഭിപ്രായങ്ങൾ ഒക്കെ എഴുതൂ. എന്റെ പേര് സായി എന്നാണ്. തിരുവിതാംകൂറിലെ ചിറയിൻകീഴ്‌ എന്ന സാധാരണ ഗ്രാമത്തിലാണ് ജനനം. മലയാളത്തിനോട് അടങ്ങാത്ത സ്നേഹം ഉണ്ട്. വല്ലതുമൊക്കെ വായിക്കാറുണ്ട്. വല്ലതും എഴുതാറുണ്ട്. എനിക്ക് തോന്നുന്നതൊക്കെ ഇവിടെ എഴുതിയിടാം. വെറുതെ. ബ്ലോഗുകൾ മാറി മാറി വരുന്ന നാളത്തെ ആൾക്കാർക്ക്‌ ഒന്ന് കാണാൻ വേണ്ടി മാത്രം...

എന്ന് സ്വന്തം

സായി...