Tuesday, 3 February 2015

പരീക്ഷ


പരീക്ഷ നടക്കുന്നു. എല്ലാതവണയും പോലെ ഒരു ഒഴുക്ക് പാട്ട് പോലെ പരീക്ഷ. മനസും ശരീരവും എല്ലാം പരീക്ഷയുടെ തിരക്കിൽ എവിടെയോ പറന്നു നടക്കുന്നു. തിരക്കിന്റെയും സമയബന്ധിതമായ ഓട്ടത്തിന്റെയും ദിവസങ്ങൾ. മിനുട്ടിന് പൊന്നും വിലയിട്ടു സമയം ഓടി ഓടി പോകുന്നു. അവിടെ കഥയോ കാലമോ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് തോന്നി. ഈ തിരക്ക് കഴിഞ്ഞു ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഒന്ന് ഓർത്തു നോക്കി. ഈ പരീക്ഷ സമയത്ത് ഞാൻ മറന്നു വെച്ച അല്ലെങ്കിൽ മനപൂർവ്വം ഓർക്കാതിരുന്ന എന്റെ പുസ്തകങ്ങൾ, എന്റെ യാത്രകൾ, എന്റെ കൂട്ടുകാർ, എന്റേത് മാത്രമായ ചില വട്ടുകൾ അങ്ങനെ എല്ലാത്തിനെയും ഞാൻ വീണ്ടും ഓർക്കുന്നു. യാത്ര പോകണം. നീരോടിയിലേക്ക്, അഗസ്ത്യാർ കൂടത്തിലേക്ക് ഇനിയുമേറെ ദൂരം മനസിന്റെ കാലൊച്ച ചെന്ന് കയറാത്ത വഴിയമ്പലങ്ങളിൽ ഇനിയുമേറെ ഒരു കറുത്ത മാടപ്രാവിനെ പോലെ ചെന്ന് ചേക്കേറണം. മുനിഞ്ഞു കത്തുന്ന ഏതെങ്കിലും അമ്പലവിളക്കിന്റെ അരികത്തിരുന്നു ഒരിത്തിരി നേരം പ്രാർത്ഥിക്കണം. അത്താഴ പൂജയുടെ അവസാന മണിനാദം മുഴങ്ങും വരെയും അവിടെ ആ അമ്പലപ്പറമ്പിൽ വിശ്രമിക്കണം. ഇഷ്ടവും അനിഷ്ടവും എന്നീ വാക്കുകളുടെ എല്ലാ ഓളങ്ങളെയും മറന്നു ഇനിയുമേറെ യാത്രകളുടെ ചിത്രം വരക്കണം. ഭൌമദേശത്തിന്റെ കഥകൾക്കും കാലത്തിനുമപ്പുറം ഏറെ പോകണം. അങ്ങനെ ചില നേർത്ത സ്വപ്നങ്ങളുമായി ഒരു പരീക്ഷക്കാലം....

No comments:

Post a Comment