Tuesday, 13 January 2015

പദ്മ

പ്രണയിക്കാൻ ആരും ഇല്ല, ഇനിയാരും വരില്ല എന്ന് തോന്നിയപ്പോൾ അയാൾ സങ്കൽപ്പത്തിൽ ഒരു പ്രണയിനിയെ സൃഷ്ടിച്ചു. സങ്കൽപ്പമായാലും പേര് വേണമല്ലോ. അതിനായി അവൻ അവൾക്കൊരു പേരുമിട്ടു. "പദ്മ". താമരയോടു ചേർത്ത് തന്നെ നിലകൊള്ളുന്നതാവട്ടെ എന്നവനു തോന്നിയിരിക്കണം. അയാൾക്ക്‌ ഏറെ ഇഷ്ടം സൂര്യനോടായിരുന്നു. പദ്മ, ഏതോ ഒരു ഉൾ ഗ്രാമത്തിലെ ഏതോ ഒരു കുഞ്ഞു വീട്ടിലെ ഇറയത്തു വിളക്ക് വെക്കാനും, കാവിൽ പോകാനും, അമ്മുമ്മയോടു കൊഞ്ചാനും ഒക്കെ ഏറെ ഇഷ്ടമുള്ള പദ്മ. മുടി തുമ്പിൽ എവിടെയോ കാത്തു വെച്ച തുളസീ ദളം പോലെ അവളെ അയാൾ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നു. ആ പദ്മ അയാളെയും സ്നേഹിച്ചു തുടങ്ങിയിരുന്നു. സങ്കൽപ്പമാണ് എങ്കിലും അവൾക്കും ഒരു മനസുണ്ടാവില്ലേ എന്ന് അയാൾ ഓർത്തു. അവളെ കാണാനായി അയാൾ ആ നാട്ടുവഴികളിൽ നടന്നിരുന്നു. അമ്പലത്തിലും, കാവിലും എല്ലാം ആയാലും പോയിരുന്നു. ആരും കാണാതെ ഇടം കണ്ണിട്ടു അവളെ നോക്കിയിരുന്നു. എന്നോ അയാൾ തിരിച്ചറിഞ്ഞു, അവളും അയാളെ സ്നേഹിക്കുന്നു എന്ന്. പറയാൻ വാക്കുകളില്ലാതെ അയാൾ അവളെ ഒരുപാട് സ്നേഹിക്കുന്നു. കാലമറിയാതെ കനവുകൾ കണ്ടിരുന്നു. സങ്കൽപ്പങ്ങൾക്കും യഥാര്ത്യങ്ങൾക്കും ഇടയ്ക്കു അവർ ഒരുമിച്ചു ജീവിക്കുന്നു. അവിടെ ആ രണ്ടു ലോകങ്ങൾ ഇല്ല എന്ന് പലപ്പോഴും അയാൾക്ക്‌ തോന്നിയിട്ടുണ്ട്. പദ്മ മാത്രം. അയാൾക്ക് വേണ്ടി സങ്കല്പ്പത്തിൽ ജനിച്ച അയാളുടെ പദ്മ.....

1 comment: