Sunday, 8 June 2014

മഴ

ഈ മഴയിങ്ങനെ തിമിർത്തു പെയ്യുന്നതും നോക്കി ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്. ഒരു കട്ടൻചായയും കുടിച്ചു ഒരിളം മൂളിപ്പാട്ടും പാടി തണുത്തു വിറച്ചിരിക്കുമ്പോൾ, പഴയ ഒടിഞ്ഞ കുടയുമായി ക്ലാസ്സിൽ പോകുന്നതും. മുട്ടോളം വെള്ളത്തിൽ ചെരിപ്പും കടലാസ് തോണികളും ഒഴുക്കി വിട്ടു അതിന്റെ പിറകെ ഓടുന്നതും, കൂട്ടുകാരോട് ചേർന്ന് വയലിലും പുഴയിലുമെല്ലാം മഴ പെയ്യുന്നത് ആസ്വദിച്ചു ഒടുവിൽ നനഞ്ഞു വന്നതിനു അമ്മയുടെ ശകാരവും കേട്ട് യഥാർത്ഥത്തിൽ ജീവിച്ച ആ ബാല്യം ഓർമ്മ വരും. ഓരോ മഴത്തുള്ളിയും കൂട്ടുകാരായിരുന്നു. പിന്നെ വളർന്നപ്പോൾ മുട്ടോളം വന്നിരുന്ന വെള്ളത്തിന്റെ പ്രളയം നിലച്ചിരുന്നു. പലപ്പോഴും വെള്ളത്തിന്‌ ഒഴുവാൻ വേണ്ട ഇടവഴികൾ ഇല്ലായിരുന്നു. പിന്നെയും കാലം പോയപ്പോൾ എപ്പോഴൊക്കെയോ മഴ ശല്യപ്പെടുത്തുന്ന ഒരു ആവർത്തനവും ആയി. എന്നാൽ പിന്നെ വീണ്ടും മഴ ഒരു കുളിരായി തോന്നി. ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും വാർധക്യത്തിലും എല്ലാം മഴ ഒരു ഓർമപെടുത്തൽ പോലെ വന്നു. ഇനി വരുന്ന ജീവനിലും ഒരിളം കുളിരായി അത് പെയ്തിറങ്ങും. നൊമ്പരകനലുകൾ അണച്ച് ഇനിയും ഈ കാലപ്രവാഹത്തിൽ ഓരോ മഴത്തുള്ളിയും നമ്മളെ ഓർമിപ്പിക്കും...

No comments:

Post a Comment